ദൂരെയുള്ള മലമുകളിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. എനിക്ക് വലിയ ഉത്സാഹമായിരുന്നു-അവിടെ എന്തോ എന്നെ കാത്തിരിക്കുന്നതായി ഒരു തോന്നൽ .
എന്നാൽ എന്റെ മനസ്സ് തെറ്റായി സംവദിച്ചതായിരുന്നു. രോഗം എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. യാത്രയിൽ പങ്കെടുക്കാൻ എനിക്ക് ആകുമായിരുന്നില്ല.
എനിക്കൊരു കുറിപ്പ് കിട്ടി. അതിപ്രകാരമായിരുന്നു.
“ നീ വരുന്നില്ലെന്ന് തനു പറഞ്ഞു ഞാൻ അറിഞ്ഞു. നീ വരുമെന്നു പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ തയ്യാറായത്.വരാത്തത്തിന്റെ കാരണം എന്തെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. മനസ്സിലാക്കൂ,ഞാൻ അക്ഷമനാണ്”
ഞാൻ അവനെ നേരിട്ട് ചെന്ന് കാണണം എന്ന് തോന്നി. ചെന്നു. റോസാചെടികളോട് ചേർന്ന് മതിലിനരികിൽ അവൻ നിൽക്കുന്നുണ്ടായിരുന്നു.
“ എനിക്ക് സുഖമില്ല.രാത്രിയിൽ രോഗം മൂർച്ഛിക്കുന്നു.വരാൻ ഒരു നിവൃത്തിയുമില്ല “ അവന്റെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞവസാനിപ്പിച്ചു.
“ സാരമില്ല, നീ വരണം. എന്തുവന്നാലും ഞാൻ നോക്കിക്കോളാം”
എന്റെ ഉള്ളിൽ ആഹ്ലാദത്തിന് പൂമൊട്ടുകൾ.
ഇത് താത്കാലികമായ സന്തോഷമാണ്.എങ്കിലും എല്ലാത്തിനും അതിന്റെതായ ഫലങ്ങൾ ഉണ്ട്,സ്വാധീനവു മുണ്ട്. ജീവിതത്തിന്റെ വീടുകളിൽ ചിലതിന്റെ മഷി വളരെ തെളിച്ചമുള്ളതാകുന്നത് അങ്ങനെയാണ്. കുറച്ചുകാലത്തിനുശേഷം ഈ ഹൃദയബന്ധം ചിലപ്പോൾ മരവിച്ചേക്കാം,എന്നാൽ ഈ വരി ഞാൻ മറക്കാനിടയില്ല.