എത്രയും പെട്ടെന്ന് കുറച്ചു പണവുമായി നദിക്കരയിൽ വരണമെന്ന് പറഞ്ഞ് അവനെന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു.എനിക്ക് വല്ലാത്ത ഉത്സാഹം തോന്നി, അധികമായ സന്തോഷവും. പെട്ടെന്നുതന്നെ വീട് പൂട്ടി ഞാൻ പുറത്തിറങ്ങി.
കഠിനമായ വെയിലുള്ളതിനാലാവും, നദീതടം വിജനമായിരുന്നു. അവിടെ ഞങ്ങളിരുവരും മാത്രം. ആ ചിന്ത സന്തോഷം പകരുന്നതായിരുന്നു.
വലിയ ധൃതിയിൽ അക്ഷമനായി നിൽക്കുകയായിരുന്നു അവൻ. എന്നെക്കണ്ടപ്പോൾ ഓടി അടുത്തേക്ക് വന്നു
“പണമെവിടെ? “
ഞാൻ ഒരക്ഷരം മിണ്ടാതെ പണമെടുത്തു കൊടുത്തു.
“ഒരത്യാവശ്യം വന്നതുകൊണ്ടാണ് നിന്നെ ഇത്ര ദൂരം വിളിച്ചു വരുത്തേണ്ടി വന്നത്. പിന്നെക്കാണാം “
ഞാൻ നദിക്കഭിമുഖമായി തിരിഞ്ഞു നിന്നു. എന്റെ ഹൃദയം സന്തോഷത്താൽ തുള്ളിക്കളിച്ചു, നദിക്കൊപ്പം അൽപനേരം ഒഴുകി.
വെറുതെ ഒന്നു കാണാൻ വിളിച്ചതാണെന്നെ.
സൂര്യ രശ്മികളാൽ ആ ജലാശയം വെട്ടിത്തിളങ്ങി. മനസ്സിൽ പ്രണയം വിടരുമ്പോൾ കാണുന്നതെല്ലാം മനോഹരമായിതോന്നും.