മമ്മാ
ഇന്ന് അതി രാവിലെ ഞാൻ ചാരുകസേരയിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ മനു വന്നു. അവൾക്ക് ശരിയായി ഉറങ്ങാൻ പറ്റിയില്ല, അത് കൊണ്ടാണ് ഇത്ര രാവിലെ വന്നത്.
ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു മനു. മരച്ചീനി പുഴുങ്ങിയതും മുളകും ചേർത്ത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുകയിടുന്ന മണം. കപ്പ കൃഷി ചെയ്തിരുന്നിടത്തു നിറയെ എലികളുടെ മാളങ്ങളുണ്ട്. മാളങ്ങളുടെ ആരംഭത്തിൽ അവർ ചപ്പില കൂട്ടി തീയിടുന്നു. ചൂട് ഏറ്റ് എലികൾ മണ്ണിനടിയിലൂടെയുള്ള അവരുടെ അറകളിൽ പലതിലൂടെയും കൂടി ഓടിയോടി ഒടുവിൽ പുറത്തുവരുമ്പോൾ ഇവർ പിടിച്ച് ആ തീയിലിട്ട് തന്നെ ചുട്ട് തിന്നുന്നു.
കുറ്റബോധം കൊണ്ട് വായിലലിഞ്ഞു ചേർന്ന കപ്പയുടെ സ്വാദ് മങ്ങിപ്പോയി എന്നാണവർ പറഞ്ഞത്. പട്ടിണി നമുക്ക് ചുറ്റും ഇത്രത്തോളമുണ്ടെന്നു എനിക്കുമറിഞ്ഞുകൂടായിരുന്നു.
ഞങ്ങൾ രണ്ടു പേരും ആഴ്ചയിൽ മൂന്ന് ദിവസം ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് അത് ആവശ്യമുള്ള ആർക്കെങ്കിലും കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.മമ്മ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം.