ചുവരിൽ ഏതോ ചെടിയുടെ നിഴൽ ഇളകിക്കൊണ്ടിരിക്കും. ഒന്നും ചെയ്യാനില്ല എന്ന് കരുതി അത് നോക്കി കിടന്ന രാത്രികൾ ഒരുപാടുണ്ട്. അങ്ങനെ കിടക്കുമ്പോൾ ആ കൃത്യതയാർന്ന നിഴലുകൾ ഇപ്പോൾ വരച്ചു തീർത്ത ഒരു ചിത്രത്തെ ഓർമിപ്പിച്ചു. ഇലകളുടെ അതിരുകൾ, ജനൽ കമ്പികൾ -എല്ലാം സ്പഷ്ടം.
വരച്ച ആൾ മറഞ്ഞു കഴിഞ്ഞു.
ആകാശവും രാത്രിയും വലിയ ക്യാൻവാസിൽ പുറത്ത്. അകത്ത് ഞാനും ഇളകിക്കൊണ്ടിരിക്കുന്ന ആ ചെടിയും. നോക്കിയിരിക്കും തോറും ഞങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്നു.
പിന്നീട്, രാത്രി കനക്കുമ്പോൾ വെളിച്ചം അണയുന്നു .ചിത്രവും കറുപ്പിൽ അലിഞ്ഞുചേരുന്നു. അപ്പോഴാണ് പുറത്തെ അപാരതയിൽ ദൂരെയുള്ള മരത്തിൽ മിന്നാമിനുങ്ങുകൾ വന്നിരിക്കുന്നത്. അഞ്ചോ ആറോ എണ്ണം മാത്രം .ചിലപ്പോൾ തുറന്നിട്ട ജനലിലൂടെ മുറിയിലും ഒരെണ്ണം വരും.
മനസ്സ് വിടർന്ന് വിടർന്ന് ഒടുവിൽ എപ്പോഴോ ഉറങ്ങി.