കുട്ടിയമ്മയ്ക്ക് ഇന്നലെ രാത്രി അട കഴിക്കണമെന്ന ആഗ്രഹം. അടുക്കളയിൽ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ചേപ്പുവിന്റെ അടുത്താണ് ഇക്കാര്യം പറഞ്ഞത്. പെട്ടെന്നുതന്നെ എല്ലാവരും വലിയ മുറിയിലേക്ക് വന്നു.പറഞ്ഞു വന്നപ്പോൾ അട കഴിക്കാൻ എല്ലാവർക്കും കൊതി തോന്നി കാണും.
എനിക്ക് നല്ല രസം തോന്നി.അടുക്കളയോട് ചേർന്നുള്ള സൂക്ഷിപ്പു മുറിയിൽനിന്ന് വേഗം അരിപ്പൊടി അളന്നെടുക്കപ്പെടുന്നു.കൂടെ രണ്ടു വലിയ ഉണ്ട ശർക്കരയും.
വാഴയില വെട്ടാൻ വേണ്ടി ആരോ പിൻവാതിൽ തുറന്നു.അടിവെച്ച് ഞാൻ ഇറങ്ങിയത് ആഴമുള്ള എന്തിലേക്കോ ആയിരുന്നു.മുറ്റത്ത് നിലാവ് തീർത്ത അന്തരീക്ഷം ഒരു അനുഭവമാണ്. കിണറ്റിലേക്ക് എത്തിനോക്കി-താമര വിരിഞ്ഞിട്ടുണ്ട് .
വീടിനകത്ത് എല്ലാ മുറികളിലും വെളിച്ചം ഉണ്ടായിരുന്നു; ശബ്ദങ്ങളും. അതിൽനിന്നെല്ലാം ഞാൻ വേറിട്ട് നിന്നു-അതൊന്നും സ്പർശിക്കാത്ത ഒരു രൂപമായി.കൂടെ നിലാവും രാവിലെ നിശബ്ദതയും മാത്രം
തണുത്ത തേങ്ങ വെള്ളം കുടിച്ചു കൊണ്ട് പടിയിൽ വന്നിരുന്നു.എപ്പോഴും ആകാശത്ത് കാണുന്ന ആ വലിയ ഒറ്റ നക്ഷത്രത്തെ അന്വേഷിച്ചു.
ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നായിരിക്കാം. നിനച്ചിരിക്കാതെപെടുന്ന സാഹചര്യങ്ങളിലെ സൗന്ദര്യം ആസ്വദിക്കാനും ആ കഴിവ് വളർത്തിയെടുക്കേണ്ടതും ആവശ്യമാണ്. ഓരോ ഏടും തുന്നിക്കൂട്ടി പുസ്തകമാക്കി സൂക്ഷിക്കേണ്ടത് മറ്റാരുമല്ല.
ഞാൻ മടങ്ങിയെത്തി,വീണ്ടും ഭൂമിയിൽ തൊട്ടു.
ഇപ്പോൾ ഏലയ്ക്കയുടെയും ജീരകത്തിന്റെയും ഗന്ധം എനിക്ക് കിട്ടുന്നുണ്ട് .