മമ്മാ,
ഇന്നലെ ഞാൻ സെൽമയുടെ അമ്മയെ കാണാൻ പോയിരുന്നു. അവളുടെ തൊട്ടടുത്തു മരണം നിൽക്കുന്നത് പോലെ തോന്നി എനിക്ക്. എന്താണ് കാരണം എന്ന് അറിയാമോ? അവളുടെ മനസ്സിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടാഴ്ചയായി പൂർണ്ണമായും കിടക്കയിൽ തന്നെയാണ്. എത്ര ചുണയുള്ളവളായിരുന്നു എന്റെ സെൽമ.
തീവണ്ടിയിലാണ് ഞാൻ പോയത്. തനിച്ചായിരുന്നു അതുകൊണ്ട് വണ്ടിയിലിരുന്ന് കുറെ ഉറങ്ങി. ഉണർന്നപ്പോൾ ഒരു പാലത്തിന്റെ മുകളിലൂടെ വണ്ടി പോവുകയായിരുന്നു. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ഒരു അമ്മയും കുഞ്ഞും. രണ്ടു വയസ്സ് തോന്നിക്കുന്ന ആ കുട്ടി എന്നെ കൈവീശി കാണിച്ചു. ഞാൻ പുഞ്ചിരിച്ചപ്പോൾ കുട്ടി ലജ്ജയോടെ മുഖം കുനിച്ചു. തലയുയർത്തി വീണ്ടും നോക്കുകയും ചെയ്തു.