മമ്മാ,
ഇന്ന് പുലര്‍കാലത്തിൽ ഒരു സ്വപ്നം കണ്ടു. ഭംഗിയായി അലങ്കരിച്ച ഒരു വീട്. അതിന്റെ ഓടുകൾ ചുവന്നതും ചുവരുകൾ കറുത്ത ചായമടിച്ചതും ആണ്. എന്റെ ഹൃദയത്തെ കവർന്ന കാഴ്ച അതൊന്നുമല്ല. ഓടിൽ നിന്ന് വള്ളിച്ചെടികൾ താഴേക്ക് തൂങ്ങുന്നു. അവയിൽ കുലകുലയായി ചുവന്ന പൂക്കൾ. ഇത്രയും ആണ് ആദ്യം കണ്ടത്. പിന്നീട് ദൂരെ ഒരു രൂപത്തെ കാണാറായി. അയാളുടെ പുറത്ത് ഒരു കടലാസുകെട്ട് ഉണ്ടായിരുന്നു. അടുത്തുവന്നപ്പോൾ ഞാൻ ആ മുഖം വ്യക്തമായി കണ്ടു. അത് നമ്മുടെ അയൽക്കാരൻ ആയിരുന്നു. അയാൾ നക്ഷത്രങ്ങളെ നോക്കി എന്നോട് പറയുമായിരുന്നു ഒരിക്കൽ അവിടെ പോകുമെന്ന്. മയക്കത്തിലാണെങ്കിലും എന്റെ മിഴികൾ നനഞ്ഞത് ഞാനറിഞ്ഞു. അയാൾ ഭൂമിയിലോ മറ്റേതെങ്കിലും നക്ഷത്രങ്ങളിലോ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അയാൾ സുഖമായിരിക്കട്ടെ.