“മരുന്നു കഞ്ഞി തരട്ടെ കുറച്ച്? “
“അമ്മ ഉണ്ടാക്കിയതാണോ? “
“വേറെ…, കൊച്ചേച്ചി ഉണ്ടാക്കി ചേട്ടന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നത്, അതൊക്കെ അന്തക്കാലമല്ലേ? “
നിശ്ശബ്ദത.
തിരശ്ശീലയ്ക്ക് അപ്പുറത്ത് കുറെപ്പേർ. സ്വന്തക്കാർക്ക് വേണ്ടി അവർ ചെയ്തിരുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഇപ്പോൾ വളർന്നു വലുതായി സ്വന്തക്കാരെ കരയിക്കുന്നു.
വിളമ്പിയ വലിയ തട്ടിലെ ചോറ് ഉണ്ണാതെ ബാക്കി വയ്ക്കുമ്പോൾ കുശ്മാണ്ഡം എന്ന് ഞങ്ങളെ വിളിച്ചിരുന്ന ഒരു വല്യമ്മ.
ചെറിയ കൂടകളിലാക്കി ചെമ്പകപ്പൂക്കൾ സ്ഥിരമായ കൊടുത്തു വിട്ടിരുന്ന മറ്റൊരു വലിയമ്മ.
താറാവുകറി സ്വന്തമായി പാകം ചെയ്ത് വാഴയിലയിൽ ചൂട് ചോറിനൊപ്പം വിളമ്പിത്തന്നിരുന്ന വല്യച്ഛൻ.
ഞണ്ടിന്റെ പൊന്ന് എടുക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തന്ന ഓമന ചേച്ചി.
എന്നും ചോറിന് മോരുകറി ഉറപ്പു വരുത്തിയിരുന്ന കിഴക്കേലെ അമ്മൂമ്മ.
പ്രമേഹരോഗി എങ്കിലും ഇടയ്ക്കിടെ പായസം വച്ച് കുടിച്ചും, മറ്റുള്ളവർക്ക് കൊടുത്തും വിട്ടിരുന്ന മറ്റൊരു വല്യച്ഛൻ.
ആത്മബന്ധം തോന്നുന്ന അപൂർവം ചിലരോട് ഇതൊക്കെ പറയുമ്പോൾ കഥാപാത്രങ്ങളായി മാറുന്നവർ.
ശരീരം ഇല്ലാത്ത കുറെ പേർ.