ഒഴുകിപ്പോകുന്ന ഒരു നക്ഷത്രം

പറമ്പ് വൃത്തിയാക്കൽ അവസാനിപ്പിച്ച് എല്ലാവരും പോയി. പടിഞ്ഞാറേ  മൂലയിലുള്ള കാപ്പിച്ചെടി മാത്രം നിർത്തിയിട്ടുണ്ട്. വെള്ളപ്പൂക്കൾ കാണുന്നത് സന്തോഷം തന്നെ.

ഇളംവെയിൽ.

ഇവിടെ മാത്രം തുമ്പികൾ കൂട്ടമായി പറക്കുന്നു. ഇവയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നതാണോ? ഇനി പാർക്കാൻ ഇടമില്ലാതെ വരുമോ?

 ഇത്രയ്ക്കധികം ഒഴിഞ്ഞ പറമ്പുകൾ ഉള്ളതുകൊണ്ടാണ് എനിക്ക് ഇവിടം ഇഷ്ടം. അവയാണ് ചീവീടുകളെ ഒളിപ്പിക്കുന്നത്. അവയുടെ ശബ്ദമാണ് പ്രകൃതി എന്നെ പൊതിഞ്ഞു നില്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നത്.

 ഇങ്ങോട്ട് വരാൻ റോഡില്ല, വഞ്ചി. വെള്ളത്തിനോട് അത്ര ചേർന്നിരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. ജലത്തിനും നമുക്കും ഇടയിൽ വളരെ നേർത്ത ഒരു പാളി. അതിനുള്ളിലേക്ക് കടന്നാൽ നമ്മൾ ജലം തന്നെയാകുന്നു.

 ആമ്പൽ പൂക്കൾ നിറയെ വിടർന്നിരുന്നു.

സ്ഥലത്തെ കുളത്തിലും ആമ്പൽ പൂക്കൾ. ഇടയ്ക്കിടെ ചെറിയ വെള്ള പൂക്കളും. ചുവന്ന ചെറുമത്സ്യങ്ങൾ കൂട്ടം ആയിട്ടു കുറേനേരം ഒരിടത്തുതന്നെ നിൽക്കുന്നതും കണ്ടു.

 ഒരു ദിവസം പുലർച്ചെ വന്ന് ഇവ വിടരുന്നത് എങ്ങനെയെന്നു  കാണണം.

 അസ്തമയസൂര്യൻ നിമിഷങ്ങൾക്കുള്ളിൽ എവിടെയോ പോയി മറഞ്ഞു.

 ജനനത്തിലേക്ക് മടങ്ങി ജലപ്പരപ്പിലേക്ക്  മാത്രം നോക്കിയിരിക്കുന്ന ഒരു ബാല്യം. അങ്ങനെ വളർന്നിരുന്നെങ്കിൽ  ബുദ്ധി തെളിഞ്ഞാലും ചിന്ത കൃത്യതയുമുള്ളതായേനെ.

 ഉച്ചവെയിൽ, സന്ധ്യ, ചന്ദ്രൻ, വീണ്ടും പ്രഭാത നക്ഷത്രം.അവിടെ നദി ഒഴുകി തുടങ്ങട്ടെ. തീരത്തിരിക്കാം- തനിച്ച്. മണിക്കൂറുകൾ, ദിവസങ്ങൾ,  വർഷങ്ങൾ കടന്നു പോകും. പെട്ടെന്നൊരു നിമിഷം ഞാനുമൊരു ജലകണത്തിൽ അലിഞ്ഞുചേരും.

Spread the fragrance

Leave a Reply

Your email address will not be published.