ഒരാഴ്ച ഞാൻ ഇവിടെ നിന്നും വിട്ടുനിൽക്കുകയാണ്. എന്തോ ഒന്ന് അന്വേഷിച്ച് കണ്ടെത്താൻ ഉണ്ട്. അതെന്താണെന്ന് ഇതുവരെ വ്യക്തമായില്ല, എങ്കിലും യാത്ര തുടങ്ങാതെ വയ്യ.
താഴെ പറയുന്നത് എനിക്കു ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളാണ്.ഓരോ ദിവസവും ഓരോന്ന് വെച്ച് ചെയ്യണം എന്നാണ് വിചാരം.
മരങ്ങൾക്കിടയിലൂടെ പകൽസമയത്തെ ആകാശം നോക്കിയിരിക്കാൻ.
മഴ പെയ്യുന്നത് ജനലിലൂടെ കണ്ടുകൊണ്ടു കിടക്കാൻ.
രാത്രി നദിക്കരയിൽ ഇരുന്ന് ഒഴുകുന്ന നദിയെ നോക്കിയിരിക്കാൻ.
ചെമ്പക പൂക്കളുടെ മണം ശ്വസിക്കാൻ.
ഇളം വെയിൽ കൊണ്ട് വലിയ മുറ്റത്തിന്ടെ നടുക്കാതിരിക്കാൻ.
കടൽക്കരയിൽ ഒറ്റയ്ക്കിരിക്കാൻ, കുറച്ച് സമയം കണ്ണടച്ച്, പിന്നെ കടൽ കണ്ട്, വീണ്ടും..
മുറ്റത്തെ പവിഴമല്ലി മരത്തിന്റെ ചില്ലയിൽ വന്നിരിക്കുന്ന കുരുവികളെ അവർ കാണാതെ നോക്കാൻ.
തൊടിയിൽ ഇട്ടിരിക്കുന്ന മരത്തടിയിൽ കാലുകൾ തൂക്കിയിട്ടിരുന്ന് ഇലകളെ മാത്രം അനക്കുന്ന കാറ്റിനെ ശ്രദ്ധിക്കാൻ.
വേഗം മാഞ്ഞുപോകുന്ന മഷി ആയിരുന്നു എന്റെ താളുകളിലേത്. എന്നാലിപ്പോൾ കാലങ്ങളോളം നിലനിൽക്കുന്ന അടയാളങ്ങൾ വീഴാൻ പോവുകയാണ് എന്നൊരു തോന്നൽ.
ഇപ്പോൾ നീണ്ടുനിവർന്നു കിടന്നാൽ താഴ്ന്നും ഉയർന്നു പറക്കുന്നെന്ന തോന്നൽ എനിക്ക് കൂടെക്കൂടെ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ഞാൻ അവധി എടുക്കുകയാണ്.