മൈനയെ പറത്തി വിട്ടു. വേറെ വഴിയില്ല. നന്നായി സംസാരിക്കുമായിരുന്നു. അതിനു ഭയം തോന്നുന്നുണ്ടാവും – തനിയെ – ഇപ്പോൾ പറന്ന് എവിടെയോ എത്തിയിരിക്കും.
കുട്ടി മുകളിലേക്കു കയറുന്ന പടികളിൽ ആകാശം നോക്കിയിരിക്കുകയാണ്. അല്ല ഒരു പട്ടം- അവൾ അതാണ് നോക്കുന്നത്.
ദീർഘമായി ഒന്ന് ശ്വസിക്കാൻ പോലും ഇടമില്ലാത്ത വണ്ണം അടുത്തടുത്താണ് ഇവിടെ വീടുകൾ.
ആശുപത്രിയിൽ നിന്ന് വണ്ടി ഉടനെ വരും. രണ്ടാഴ്ച അവിടെ. ഈ രോഗം ചിലപ്പോൾ അപകടം ഒന്നുമില്ലാതെ ഒഴിഞ്ഞുപോകും അല്ലാതെയും ആകാം. കുട്ടിയുടെ കോവിഡ് പരിശോധന ഫലം വന്നിട്ടില്ല. അത് എന്തുതന്നെയായാലും അവളെ കൂടെ കൂട്ടാതെ വയ്യ. ഞങ്ങൾ ഒരു തടാകം പോലെയാണ് അതിനുള്ളിൽ ചെറിയ അലയൊലികൾ ഉണ്ടായേക്കാം.എന്നാൽ ഒഴുകി ചെന്ന് ചേരാൻ മറ്റൊരു ഇടമില്ല.
എന്നെ കല്യാണം കഴിക്കാമോ എന്ന് സൈക്കിളിൽ വന്ന നിത്യേന ചോദിച്ചിരുന്ന പതിനേഴുകാരൻ എവിടെ? ജനിച്ച കുട്ടിയുടെ പുറത്തേക്കു തള്ളിയ നാവും ഇടുങ്ങിയ കണ്ണുകളും കണ്ടപ്പോഴേ വരാൻപോകുന്ന ബുദ്ധിമുട്ടിനെ കുറിച്ച് അയാൾ ചിന്തിച്ചിരിക്കും. സ്ത്രീയുടെ മനസ്സിന്റെ കരുത്ത് പുരുഷന് ഇല്ലെന്നു തോന്നുന്നു.
രണ്ടാഴ്ച ആശുപത്രിയിൽ ഇവളെ എങ്ങനെ നിർത്തും എന്നോർത്ത് വല്ലാത്ത പിരിമുറുക്കം.
അതികഠിനമായ നിരാശയിൽ നിന്ന് കുതറി ഓടണം എന്ന ഒരു ദിവസം ഉറക്കം ഉണർന്നെഴുന്നേറ്റ് തീരുമാനിക്കുകയായിരുന്നു. കാരണം അൽപ്പായുസ്സ് ആയ കുട്ടിയുടെ ആയുസ്സ് വീണ്ടും കുറയ്ക്കുക ആയിരിക്കും അല്ലെങ്കിൽ ഞാൻ ചെയ്യുന്നത്. വൈകുന്നേരങ്ങളിലെ നടത്തം അല്പം ദൂരേക്കാക്കി. പാലത്തിനു മുകളിൽ നിന്നാൽ പുഴ കാണാം. എത്രനേരം വേണമെങ്കിലും കണ്ട് നിൽക്കാം- ഞങ്ങൾക്ക് രണ്ടാൾക്കും. ആ നിറങ്ങൾ കുട്ടിയുടെ ഉള്ളിൽ പതിഞ്ഞു. ഞാനറിഞ്ഞില്ല. വെളുത്ത ചുവരിൽ അത് കണ്ടപ്പോൾ വീട്ടുടമസ്ഥനോട് എന്ത് പറയുമെന്ന് ആദ്യത്തെ സ്വാഭാവിക ചിന്ത. മാറ്റം തുടങ്ങേണ്ട ബിന്ദു എന്നാണ് ഞാൻ കണ്ടെത്തിയത്?
പട്ടിയെയും പൂച്ചയെയും ഇവിടെ തന്നെ നിർത്താം. വിശക്കുമ്പോൾ അവർ എവിടെയെങ്കിലും പോയി കഴിച്ചോളും.
ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് കാണാൻ ഒരുപാട് ആളുകൾ വന്നിട്ടുണ്ട്. വാതിലിനിടയിലൂടെ കാണാം. എന്തിനാണവർ കൂട്ടംകൂടി നിൽക്കുന്നത്?
കുട്ടിയെ ഓർത്ത് എന്നിൽ സ്വയം അസ്വസ്ഥതകൾ സൃഷ്ടിക്കുകയല്ല വേണ്ടത് എന്നത് ഒരു വലിയ തിരിച്ചറിവായിരുന്നു. ജോലി ചെയ്യുന്ന വീട്ടിൽ ആറുമാസം കൂടുമ്പോൾ അവർ രണ്ടു മാസം വിദേശത്തേക്ക് പോകും. അതുകൊണ്ട് ചിന്തിക്കാൻ എനിക്ക് സമയം കിട്ടിയിരുന്നു അങ്ങനെയാണ് കുട്ടിയെ കുട്ടിയായല്ല മുതിർന്ന ഒരാളായി കാണണമെന്നതാണ് ശരി എന്ന തോന്നൽ ജനിച്ചത്.
വസ്ത്രങ്ങൾ, പാത്രങ്ങൾ, കുട്ടിക്ക് രണ്ടു ചിത്ര പുസ്തകങ്ങൾ, വരയ്ക്കാനുള്ള കടലാസുകളും നിറങ്ങളും എല്ലാം എടുത്തു വച്ചു.
കുട്ടി ഇതെല്ലാം മനസ്സിലാക്കുന്നുണ്ടാവുമോ?
കുട്ടിയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നറിയാതെ നിൽക്കുന്നവർ ഒരുപാടുണ്ട് പ്രത്യേകിച്ച് ട്രെയിനിങ് സെന്ററിലെ രാവിലത്തെ കുട്ടികൾ. അടിച്ചുവാരി തുടച്ചു കഴിഞ്ഞു ചില്ലു വൃത്തിയാക്കാൻ തുടങ്ങുമ്പോഴേക്കും കുട്ടികൾ എത്തിത്തുടങ്ങും. എന്നും പുതിയ മുഖങ്ങൾ.റോസാചെടികളുടെ അടുത്ത് അവൾ നില്കുന്നുണ്ടാവും. എന്താണ് അവൾക്ക് വേണ്ടത് എന്ന് മനസ്സിലാക്കാൻ ആവാത്ത കുറേ രൂപങ്ങൾ ചുറ്റിലും.
വണ്ടി വന്നു. ആളുകളുടെ നോട്ടം കൂർത്ത താണ്. തലതാഴ്ത്തി നടന്നു. എന്തിന്?
കുട്ടി പലരെയും നോക്കി ചിരിക്കുന്നു.മൂന്നിന് പകരം ഒറ്റ വരയുള്ള കൈവെള്ള ഇടയ്ക്കിടെ വീശുന്നു.
വണ്ടിയിൽ കയറി കഴിഞ്ഞപ്പോൾ ഹൃദയമിടിപ്പ് സാധാരണ ഗതിയിലേക്ക് വന്നു. ചില്ലിലൂടെ വീടിന് നേരെ നോക്കി.പട്ടിയേയും പൂച്ചയേയും ആളുകൾ ചുറ്റും കൂടി നിന്ന് തല്ലുകയാണ്. കരച്ചിൽ ആരും കേൾക്കുന്നില്ല. അവർ ജീവിക്കില്ല. പുറത്ത് പാത്രത്തിൽ അവർക്കുവേണ്ടി വച്ച വെള്ളത്തിൽ മടങ്ങിയെത്തുമ്പോഴും കൂത്താടികൾ ചാടി മറിയുന്നു ണ്ടാകും.
കുട്ടിയും ജനലിലൂടെ നോക്കുകയാണ്.എന്റെ കയ്യിൽ അവൾ അമർത്തി കൊണ്ടിരുന്നു. ജീവനില്ലാത്ത കൂമ്പിയ കണ്ണുകളിലെ ഭാവം ഭയം മാത്രമല്ല. ആ ജനക്കൂട്ടത്തെ പോലെ എന്റെ കുട്ടി വളർന്നു വരുന്നത് എനിക്ക് സഹിക്കാനാവില്ല, തീർച്ച. ഇപ്പോൾ അവൾക്ക് 11 വയസ്സ് ആറു വർഷം കൂടി ഒരുപക്ഷേ ജീവിച്ചേക്കും.ബാല്യകാലം കടന്നു പോകുന്തോറും ഓരോരുത്തരുടെയും ഉള്ളിൽ ഉള്ള നന്മയുടെ ഉറവിടം ശുഷ്കം ആയേക്കാം. എന്നാൽ അത് വറ്റിയാൽ പിന്നെ മനുഷ്യനായി ജീവിക്കുന്നതിൽ അർത്ഥമില്ല.
വണ്ടി കുറച്ചു ദൂരം നീങ്ങി കഴിഞ്ഞപ്പോൾ കുട്ടിയുടെ പിടുത്തം അയഞ്ഞു. അവൾ എപ്പോഴും കയ്യിൽ കൊണ്ടു നടക്കാറുള്ള ചെറിയ ഭൂതക്കണ്ണാടി പോക്കറ്റിൽ നിന്നെടുത്ത് പിന്നിലത്തെ ചില്ലിലൂടെ നോക്കുന്നു. അവളുടെ കണ്ണിൽ ഉറുമ്പിനോളം ചെറുതായി പോയ ആ ജനക്കൂട്ടത്തെയാവും നോക്കുന്നത്.
ഒരു കൈ തന്ന ആരെങ്കിലും സഹായിച്ചിരുന്നു എങ്കിൽ ഇന്ന് കഠിനമായി ആഗ്രഹിച്ചു പോവുകയാണ്.
കുട്ടി ഉറങ്ങി. അവൾ ഒരു പക്ഷേ പൂക്കളെയും ചിത്രശലഭങ്ങളെയും കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കും.
സ്വർഗ്ഗത്തിലെ മലാക്കുകൾ തലയ്ക്കു മുകളിൽ മനോഹരഗീതങ്ങൾ ആലപിച്ച് എന്റെ ആത്മാവിനെ ശുദ്ധീകരിച്ചാനയിക്കാൻ വരുന്നത് വരെ കാതോർത്തു ഞാൻ കാത്തിരിക്കുന്നു. കല്ലറയിൽ അവരുടെ നെറ്റിയിൽ നിന്നും വരുന്ന നീലവെളിച്ചത്തിൽ നിത്യ വീശ്രമം കൊള്ളുന്ന നാളുകൾ അടുത്തിരിക്കുന്നു.