കട്ടിയുള്ള ചീനച്ചട്ടിയിൽ സുഗന്ധദ്രവ്യങ്ങൾ ചൂടാക്കുന്ന ഒരു വൃദ്ധയുടെ രൂപമായിരുന്നു എന്റെ മനസ്സിൽ. ചെറിയ ഏതോ വെളിച്ചത്തിൽ അവരങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. ഏതോ കഥയിൽ നിന്ന് ഇറങ്ങി വന്ന പോലെ ഒരു രൂപം. തുടർച്ചയായി ചില രാത്രികളിൽ ഇതേ സുഗന്ധം അനുഭവിച്ചു വന്നു. എന്തിനാണവർ എന്നും രാത്രിയിൽ ഇങ്ങനെ ചെയ്യുന്നതെന്നോർത്ത് അദ്ഭുതപ്പെട്ടിരുന്നു.
വർഷങ്ങൾക്കിപ്പുറം എന്നോ ആണ് അത് പാല പൂത്ത ഗന്ധമാണെന്ന് മനസ്സിലായത്.
കൊച്ചു കുരുവികൾ പുല്ലിനിടയിലൂടെ നടക്കുന്നുണ്ട്. പുല്ലിന്റെ ചെറിയ വെള്ള പൂക്കൾ കൊത്തി തിന്നുകയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. യഥാർത്ഥത്തിൽ എന്ത് ചെയ്യുകയായിരിക്കും ആവോ?