വലിയ പെരുന്നാളിന് പള്ളിയിലേക്ക് കൊടുക്കാൻ വാങ്ങിയ ആടിനെ ചുറ്റിപ്പറ്റി തന്നെ കുട്ടികൾ നിന്നു. പ്ലാവില കൊണ്ടുപോയി കൊടുക്കുന്നതിലും ആടിനെ പുന്നാരിക്കുന്നതിലും അവർ ശ്രദ്ധിച്ചു.
ഈ ആടിന്റെ കുഞ്ഞുങ്ങൾക്ക് കൂട് ഉണ്ടാക്കി അടുക്കളപ്പുറത്ത് വയ്ക്കുന്നതിനെ പറ്റി ആഫിയ എന്നോട് സംസാരിച്ചു.
ആടിനെ അറുക്കാൻ കൊണ്ടുപോയി. കുട്ടികൾ നിർത്താതെ കരഞ്ഞു.
കുറച്ചുകഴിഞ്ഞ് ആട്ടിറച്ചി കറിയുടെ മണം പിടിച്ച അവർ എഴുന്നേറ്റു. ചോറുണ്ടതിനുശേഷം വയറു തടവികൊണ്ട് ഫൈദ് പറഞ്ഞു” നല്ല രുചി”. ലാമിയുടെ കണ്ണുകൾ ഉറക്കം വന്ന് അടഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
ആഫിയ അവളുടെ പങ്ക് കഴിച്ചില്ല. തൈര് ഭരണി അന്വേഷിച്ച് സ്വയം കണ്ടു പിടിക്കുകയും ഉപ്പും പച്ചമുളകും മാത്രം ചേർത്ത് ചോറുണ്ണുകയും ചെയ്തു.
അവളുടെ തലയ്ക്കകത്തു ആട്ടിൻ കുട്ടിക്ക് കെട്ടേണ്ടിയിരുന്ന മണിയുടെ ഒച്ച എവിടെനിന്നോ നിർത്താതെ കേട്ടുകൊണ്ടിരിക്കുകയാണെന്നാണ് എനിക്കു തോന്നുന്നത്.