മൂന്ന് മിനിറ്റ് നടക്കാനേ ഉള്ളൂ. വായുവിൽ റൊട്ടി ഉണ്ടാക്കുന്ന നറുമണം നിറഞ്ഞുനിൽക്കുന്നു.
ഒരുപാട് നാളായി ഇങ്ങനെ മനസ്സിനെ സ്വതന്ത്രമാക്കി വിട്ടിട്ട്. വൈകുന്നേരത്തെ ഈ കാറ്റ്, ആകാശത്തിന് നിറം- ഇവയെല്ലാം ഇത്രനാളും ഇവിടെ തന്നെ ഉണ്ടായിരുന്നോ?
ഞാൻ വളവ് തിരിയുകയാണ്. ഇനി കയറുന്ന ഇടവഴി ഒരു പ്രത്യേക തരത്തിലുള്ള നിശ്ശബ്ദതയുടെ കേന്ദ്രമാണ്. അതു നമ്മെ ഭയപ്പെടുത്തുകയില്ല. അങ്ങോട്ട് കയറുമ്പോൾ നമ്മൾ നിറഞ്ഞിരിക്കും, സ്വയം ഉള്ളിലേക്ക് ഇറങ്ങിപ്പോകും.
ചെരുപ്പ് മണ്ണിൽ അമരുന്ന ശബ്ദം, ഇളംകാറ്റിൽ നമ്മുടെ വസ്ത്രത്തിന്റെ അനക്കം- ഇവയെല്ലാം ഉള്ളിൽ പ്രവേശിക്കും.
ഇനി ആ നിശ്ശബ്ദതയിലേക്ക് ഇറങ്ങട്ടെ.
ഇന്ന് വാച്ചിലെ സമയം നിലച്ചിരിക്കുകയാണ്. കൃത്യ സമയം നോക്കി പ്രവർത്തിച്ചു ഒരു നായയെപ്പോലെ കിതയ്ക്കണ്ട. ഇഷ്ടമുള്ളിടത്തോളം സമയം ഒഴുകിപ്പോയ്ക്കൊള്ളട്ടെ.
വിചാരിച്ചപോലെ നാലുമണിക്ക് പുറപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ എത്തി. മണ്ണുകൊണ്ടുള്ള കോട്ടേജുകൾ നാലോ അഞ്ചോ എണ്ണം. അത്രയേ ഉള്ളൂ. തനിച്ച് ആദ്യമായിട്ടാണ് ഒരിടത്ത് പോകുന്നതും താമസിക്കുന്നതും. തന്നെ ഇരിക്കുന്നത് വലിയ പേടിയായിരുന്നു പണ്ട്. പിന്നീടെപ്പോഴോ എവിടെയോ തനിയെ എന്നുള്ള ഭയം പോയി.
മരച്ചില്ലകൾക്കിടയിലൂടെ ചന്ദ്രബിംബം. രാത്രി വളരെ വൈകി എന്ന് തോന്നുന്നു. ജനാലപ്പടി വളരെ വീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നതു.അവിടെ കയറി ഇരുന്ന് പുറത്തേക്ക് നോക്കിയിരിക്കാം. ഇലകൾ ഒന്നും അനങ്ങുന്നില്ല. ഒരു നിശ്ചലചിത്രം.
രാത്രി ഉണരുന്ന ഒരു പക്ഷിയെ കാണാൻ കൊതി തോന്നി.
താഴെ മണൽ വിരിച്ച മുറ്റം. നിലാവിലിരുന്ന് പുസ്തകം വായിക്കണമെന്ന് പണ്ടെന്നോ ആഗ്രഹിച്ചതാണ്. ഓരോന്ന് ഓരോന്നായി എല്ലാം സാധിക്കുകയാണ് ജീവിതത്തിൽ. ഇനി ഒന്നും തന്നെ ബാക്കിയില്ല എന്നും ഇടയ്ക്ക് തോന്നുന്നുണ്ട്.
പിരിയൻ ഗോവണി ഇറങ്ങുമ്പോൾ മരിച്ചുപോയ മറ്റമ്മയും കൂടെ വന്നു. വെളുത്ത രാത്രികളെയും കറുത്ത രാത്രികളെയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു അവർ. ഇരുകൈയിലും സ്വർണ്ണവളകളും കമ്മലും മാലയുമൊക്കെ ഇപ്പോഴുമുണ്ട്.
വേനൽക്കാലത്ത് അവരെല്ലാവരും വലിയ വഞ്ചിയിൽ താമസിച്ചുകുളിക്കു പോകുന്നത് അമ്മ പറഞ്ഞിട്ടുണ്ട്. മേൽക്കൂരയുള്ള വഞ്ചി. ഭൂമി ചുട്ടുപഴുത്തു കിടക്കുമ്പോൾ പുഴയിൽ കുറച്ച് അധികം ദിവസങ്ങൾ. വഞ്ചിയിൽ തന്നെ അടുപ്പ് കൂട്ടാൻ ഉള്ള സൗകര്യം ഒക്കെ ഉണ്ട്.
ഇപ്പോൾ മറ്റമ്മ അതിലും രസകരമായ ചില ഹ്രസ്വദൂര യാത്രകളെ പറ്റി പറഞ്ഞു. തോടുകൾ തമ്മിൽ തമ്മിൽ ബന്ധമുണ്ടായിരുന്നു. അങ്ങനെ തറവാട് വീടിനു പിൻവശത്തെ തോട്ടിൽ നിന്നു തുടങ്ങി പലപല ബന്ധു ഗൃഹങ്ങൾ സന്ദർശിച്ചിരുന്നു. വഞ്ചികളിൽ ഇടയ്ക്കിടെ അടുപ്പിൽ ചായ തിളപ്പിച്ചു കുടിക്കും.
പെട്ടെന്നൊരു നിമിഷം ഏകാന്തത അനുഭവപ്പെട്ടു. കുട്ടികളുടെ ബഹളത്തിൽ മുങ്ങാനും അവരുടെ അവസാനമില്ലാത്ത ചോദ്യങ്ങൾക്കു മറുപടി പറയാനും ഒരു വെമ്പൽ.
കുട്ടികളൊക്കെ മുതിർന്നുവോ? ആനയെ കുളിപ്പിക്കുന്നതു കാണാൻ കൂട്ടുകാരോടൊപ്പം സൈക്കിളിൽ പോകണം എന്ന് പറഞ്ഞവൻ വാശിപിടിച്ച് കരഞ്ഞത്? ചായ പെൻസിലു കൊണ്ട് മകൾ ചുവരിൽ മുഴുവൻ ചിത്രങ്ങൾ വരച്ചത്? ഇതൊന്നും ഇന്നലെ അല്ലെന്നുണ്ടോ?
വാർദ്ധക്യം തൊലിയെ ചുളിച്ചു തുടങ്ങുമ്പോൾ തിരക്കോടെയിരിക്കാൻ എന്തു ചെയ്യണം? മേരിയെ പോലെ ആടുകളെ വളർത്താൻ എന്നെക്കൊ ണ്ടാവുമെന്ന് തോന്നുന്നില്ല. ലാലി മിലി ലില്ലി സാലി ചീക്കുട്ടി എന്നു വിളിക്കുമ്പോൾ പറമ്പുകളിൽ നിന്ന് അഞ്ചു പേരും ഓടി വരുമായിരുന്നെന്ന്. അത് അഞ്ചു പെൺകുട്ടികൾ ആണെന്ന് കരുതിയിരുന്നു അയൽക്കാർ.
ഒരു പ്രായം കഴിഞ്ഞാൽ തിരക്കോടിരുന്നില്ലെങ്കിൽ മറ്റുള്ളവർക്ക് ഒരു ഭാരമാകുമെന്നു തീർച്ച, പ്രത്യേകിച്ച് മാനസികമായി.
ഉറങ്ങാം.
ഉറക്കമുണരുന്നത് ഗംഭീരമായ ഒരു വിശാലതയിലേക്കാണ്. പിന്നിൽ ഒരു വലിയ മലയാണ്. അതിന്റെ ഉച്ചിയിലേക്ക് നോക്കി അൽപ്പനേരം ഇരുന്നാൽ സ്വയം നഷ്ടപ്പെട്ടു പോകുമെന്നു ഉറപ്പാണ്. അതുകൊണ്ട് ശലഭങ്ങളെയും കിളികളെയും നോക്കിയിരിക്കാൻ തീരുമാനിച്ചു.
അടുത്തുള്ള നിലം ഉരുളക്കിഴങ്ങ് കൃഷിക്കായി ഒരുക്കുകയാണ്.
മല മുകളിലേക്ക് നോക്കുമ്പോൾ കണ്ണുകളടഞ്ഞു പോയേക്കും. എന്തിലോ അലിഞ്ഞു ചേരുവാൻ പോകുന്നു. അല്പം കഴിഞ്ഞ് തിരികെ വരാം. വായു സ്നാനം, കിളികൾ, മരങ്ങൾ, പൂക്കൾ, മനുഷ്യർ, പാറകൾ, സൂര്യപ്രകാശം, ഏകാന്തത- അങ്ങനെ പലപല അടയാളങ്ങൾ മനസ്സിൽ എവിടെയൊക്കെയോ പതിഞ്ഞു. അവ നമ്മെ തേടി പിന്നീട് പല സന്ദർഭങ്ങളിൽ വരും- അപ്പോഴാണ് നാം പിന്നോട്ട് നടക്കുക.